ഉഴവൂര്‍

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്


കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഉഴവൂര്‍ ബ്ളോക്കില്‍ ഉഴവൂര്‍, മോനിപ്പള്ളി (ഭാഗികം) എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്. 25.09 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട് ഈ പഞ്ചായത്തിന്. മോനിപ്പള്ളി, ഉഴവൂര്‍, പെരുവന്താനം, കരുനെച്ചി എന്നീ കരകളുള്ള ഉഴവൂര്‍ വില്ലേജും, വെളിയന്നൂര്‍, അരീക്കര, പുതുവേലി, താമരക്കാട്, പൂവക്കുളം എന്നീ കരകളുള്ള വെളിയന്നൂര്‍ വില്ലേജും ചേര്‍ന്നുള്ള ഭൂവിഭാഗം ആയിരുന്നു ആദ്യകാലത്ത് ഈ പഞ്ചായത്ത് പരിധിയില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന മലകളും അവയ്ക്കുമേല്‍ സമതലങ്ങളും മൊട്ടക്കുന്നുകളും, ചെരുവുകളും തോടുകളും നിറഞ്ഞ മനോഹരമായ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്. മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ഉഴവൂര്‍ ഗ്രാമത്തിന്റെ പുത്രനാണ്. കോട്ടയം ജില്ലയില്‍ വടക്കെ അതിര്‍ത്തിയോടടുത്ത് കിടക്കുന്ന മോനിപ്പള്ളി വില്ലേജിലെ മോനിപ്പള്ളിക്കരയും, ഉഴവൂര്‍ വില്ലേജ് മുഴുവനായും സംയോജിപ്പിച്ച് രൂപം കൊടുത്തിട്ടുള്ളതാണ് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്. പണ്ട് വടക്കുംകൂര്‍ രാജാവിന്റെ വകയായിരുന്നു ഉഴവൂര്‍ ഗ്രാമം. മോനിപ്പള്ളിയാകട്ടെ കൊച്ചി കരിങ്ങനം പള്ളി സ്വരൂപത്തിന്റെയും പൂമറ്റത്തില്‍ മേനോന്റെയും വകയായിരുന്നു. ഉഴവൂരിന്റെ ആദ്യനാമം ഉളവൂര്‍ എന്നായിരിന്നു എന്നു പറയപ്പെടുന്നു. പിന്നീടത് എളൂരായി. ഇപ്പോള്‍ ഉഴവൂരുമായി. ഉഴവുകാരുടെ (കൃഷിക്കാരുടെ) നാട് എന്നതുകൊണ്ടാണ് ഉഴവൂര്‍ എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു. തപാല്‍ മുദ്രകളില്‍ ഒഴവൂര്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ആയിരത്തില്‍പ്പരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു സംസ്ക്കാരം ഈ പ്രദേശങ്ങള്‍ക്കുണ്ട്. ബ്രാഹ്മണന്മാരും ക്ഷത്രിയരുമായിരുന്നു ഇവിടെ ആദ്യകാലത്ത് താമസിച്ചിരുന്നത്. അവര്‍ നിര്‍മ്മിച്ചതാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിവിധ ക്ഷേത്രങ്ങള്‍. ശതാബ്ദങ്ങള്‍ പഴക്കമുള്ള കരുനെച്ചി ക്ഷേത്രം അന്നും ഇന്നും പ്രസിദ്ധമാണ്. പുരാതനമായ ഉഴവൂര്‍ ശാസ്താംകുളം ക്ഷേത്രവും അതില്‍ കുടികൊള്ളുന്ന ദേവിയുമായി ബന്ധപ്പെടുന്ന പല ഐതിഹ്യങ്ങളും ഈ ഗ്രാമവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്.

About Sreejith Sasidharan

0 comments:

Post a Comment

Powered by Blogger.